Monday, June 22, 2009

കുളി

ദക്ഷിണകൊറിയയില്‍ ദേജിയോണിലെ നീന്തല്‍-
ക്കുളത്തില്‍ പോയീ ഞാനന്നാദ്യമായ്.
നീന്തും മുമ്പ്
കുളിച്ചീടേണം നന്നായ്.
തോര്‍ത്തുമുണ്ടുടുത്തങ്ങു
കുളിമുറിയില്‍ക്കേറീ ചെറുപുഞ്ചിരിയോടെ.

അച്ഛനും മകനു,മമ്മാവനും മരുമോനും
ഏട്ടനുമനിയനും നഗ്നരായ് കുളിക്കുന്നൂ!
പ്രായഭേദമില്ലാതെ മടിയേതുമില്ലാതെ
കൊറിയക്കാരെല്ലാരും കുളിക്കുന്നൊരുമിച്ച്.


തോര്‍ത്തഴിക്കുവാനൊട്ടും സമ്മതിക്കുന്നില്ലെന്റെ
യുള്ളിന്റെയുള്ളില്‍ നിന്നും മലയാളിയാം നാണം.
ഷവറിന്‍ കീഴേ തോര്‍ത്തു മുണ്ടുടുത്തു നില്‍ക്കുന്നോ-
രെന്നെനോക്കിക്കൊണ്ടപ്പോള്‍ കുട്ടികള്‍ കളിയാക്കീ.
നഗ്നനായ് മാറീടാതെ രക്ഷയില്ലെന്നും ചൊന്ന്
ചുറ്റിലുംചിരിച്ചാര്‍ക്കുന്നുണ്ട് കൊറിയന്‍ നാണം

നാണത്തില്‍ നിന്നും രക്ഷപ്പെടുവാനുടന്‍ തന്നെ
തുണിയും കളഞ്ഞ് ഞാന്‍ കുളിക്കാനാരംഭിച്ചു.

Monday, April 20, 2009

ലോഹിതനും ശശിയും രാമചന്ദ്രനും

ഗുരുകുലത്തിലെ ഈ പോസ്റ്റിനിട്ട കമന്റ്:) [വൃത്തം: കുസുമമഞ്ജരി]

ബാലലീലകളിലേര്‍പ്പെടും വശപിശയ്ക്കു നല്ലൊരുമിടുക്കനാം
നീലലോഹിതനു ശേഷിയില്ലിഹ! പരാജയപ്രകൃതി! വാസ്തവം.
താമരക്കു ശശിയോടു കാമമതു തോന്നിയെങ്കിലുമിലക്ഷനില്‍
രാമചന്ദ്രനെ മറിച്ചിടാന്‍ കഴിയുകില്ലയെന്നതൊരു വസ്തുത.

തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു തിരുത്ത്:
(താമരക്കു ശശിയോടു കാമമതു തോന്നിയെന്നതൊരു കാരണം
രാമചന്ദ്രനെ മറിച്ചിടാന്‍ തുണയതായതെന്നതൊരു വാസ്തവം) :)

Tuesday, April 14, 2009

വോട്ട് ഇടതുപക്ഷത്തിന്.



*കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

*ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

*ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.

*60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

*വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

*പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

*പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

*സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

*ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

*തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.

*ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

*കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.

*സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

ഇടതുപക്ഷ ജനാധിപത്യ മുന്നണിസ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടുകൂടി വിജയിപ്പിക്കുക.
‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’
*Modified from PAG Bulletin
പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Monday, March 23, 2009

കുഞ്ഞപ്പ നമ്പ്യാര്‍

ഒരാള്‍ മാത്രം ബാക്കിവന്നു.

‘ഡൌണ്‍ ഡൌണ്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന്
തല്ലിക്കൊടുത്തത്
‘ണ്ടാവും ണ്ടാവും കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന്
ഏറ്റുപറഞ്ഞ്
തോക്കുകളെ കബളിപ്പിക്കാന്‍
വാക്കുകള്‍ കൂട്ടുനിന്നു.

രക്ഷപ്പെട്ട ഒരു നിലവിളി
നിലച്ച നൂറുനിലവിളികളുടെ ഓര്‍മ്മയും പേറി
അനേകായിരം മുദ്രാവാക്യങ്ങളുമായി
തിരിച്ചുവന്നു.

മണ്ണ്
തരിച്ചുനിന്നു.
----------------
*കുഞ്ഞപ്പ നമ്പ്യാര്‍: കുഞ്ഞാക്കമ്മയുടെ മകന്‍. 1940കളുടെ ഒടുവിലും 1950കളുടെ ആദ്യവും കണ്ണൂര്‍ജില്ലയിലെ കണ്ടക്കൈയില്‍ നടന്ന കര്‍ഷകസമരങ്ങളിലെ പോരാളി.

Saturday, March 21, 2009

വിഷയ ദാരിദ്ര്യം,ശ്ലോകരോഗം തുടങ്ങിയവയുടെ അസ്കിതകള്‍

കവിതാ ദാരിദ്ര്യം കലശലായപ്പോള്‍ ശ്ലോകക്കമന്റുകള്‍ തപ്പുന്ന ഒരു ഭയങ്കരമായ അസുഖത്തിനടിപ്പെട്ടു. ഗുരുകുലം,ശേഷം ചിന്ത്യം,നെല്ലിക്ക എന്നീ ബ്ലോഗുകളില്‍ പലപ്പോഴായി എഴുതിയ വൃത്തക്കമന്റുകള്‍ തപ്പിയപ്പോള്‍ വസന്തതിലകം,വിയോഗിനി,സ്രഗ്ദ്ധര,പഞ്ചചാമരം,ഭുജംഗപ്രയാതം,കുസുമമഞ്ജരി,ഉപേന്ദ്രവജ്ര,ശാര്‍ദ്ദൂ‍ല വിക്രീഡിതം എന്നിങ്ങനെയുള്ള സംസ്കൃത വൃത്തങ്ങളില്‍ ശ്ലോ‍കങ്ങള്‍ കണ്ടു..പോസ്റ്റാക്കിയില്ലെങ്കില്‍ ഈ രോഗം കോശങ്ങളെ കാര്‍ന്നുതിന്നേക്കുമെന്ന് ഭയന്ന് ഇതിവിടെ പോസ്റ്റട്ടെ:)
1) ഗുരുകുലത്തില്‍:

മയക്കത്തില്‍ എഴുതിയവ:

ദിഷ്ടം കഴിഞ്ഞു ധര നൂതനമായിടട്ടെ
നഷ്ടപ്പെടട്ടെ തിലകങ്ങള്‍ വസന്തമൊക്കെ
സ്പഷ്ടം മയക്കമിതു നല്ലൊരു പദ്യമാഹാ!
ഇഷ്ടപ്പെടുന്നു കുലനാഥനു മംഗളങ്ങള്‍..:) (വൃത്തം: വസന്തതിലകം)


കലവും കുലവും മറിഞ്ഞഹോ
കലയില്‍ പുംഗവനാമുമേശനും!
നിലയില്ല ചുരുക്കമൊന്നിനും
ഉലകില്‍,കൂടുതലെന്തു ചൊല്ലുവാന്‍!! (വൃത്തം:വിയോഗിനി)


നോക്കേണം വാക്കു നന്നായ്,വരികള്‍ മുഴുവനും വായ്ക്കണം സൂക്ഷ്മമായി
വക്കാണത്തിന്നു പല്ലും പുനരിഹ നഖവും കൊണ്ടു പോരുന്ന നേരം.
ഇക്കാണും പോസ്റ്റുകള്‍തന്‍ തിരകളലയടിക്കുന്നതാം ബ്ലോഗ്ഗുനാമം
ഓര്‍ക്കൂ;ഞാന്‍ ചൊന്നതാഹാ!ഗുരു‘കുലമിതു തന്‍ നാഥ’നെ,ന്നെന്തു ഹിന്ദി? (വൃത്തം:സ്രഗ്ദ്ധര)


തുലോംകുറഞ്ഞ സൈസിലുള്ള ഫോണ്ടു തന്നെയാണഹോ
വിലക്കമായിനിന്നതെന്റെ വാക്കുകള്‍ ഗ്രഹിക്കുവാന്‍
കുലം കലം തിരിഞ്ഞതിന്റെ കാരണം മനസ്സിലായ്
കുലത്തിലേ ഗുരുക്കളേ പിണക്കമില്ലയേതുമേ…:) (വൃത്തം:പഞ്ചചാമരം)


മധുരാജ,മനസ്സിനുള്ളിലെ
മധുപം മൂളിന ഗാനഖണ്ഡമീ
വിധമിങ്ങെഴുതുന്നു,നേരമി-
ല്ലധികം ചില്ലിനെനോക്കിനില്‍ക്കുവാന്‍:) (വൃത്തം:വിയോഗിനി)

-----------------------------------------------------

ഗുരുകുലത്തിലെ സമസ്യാപൂരണം. തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ? (വൃത്തം: വസന്തതിലകം)

ഉദ്ദണ്ഡനെപ്രതിയനേകമുരച്ചുവെന്നാ-
ലുദ്ദേശ്യശുദ്ധിയുളവാകുമവന്റെയുള്ളില്‍
എന്നുള്ളചിന്തയതു വേണ്ടയിതിന്നു ചുട്ട
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?


നല്ലോരു രാജ്യപതിയായ മഹാബലിക്ക്
പാതാളമേകിയൊരു വാമനനേയുമമ്പോ
സുല്‍ത്താനെയും പുകള്‍ കയറ്റിയ വര്‍മ്മ മാഷേ
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


ഇല്ലാത്ത വൃത്തമഹ! നിര്‍മ്മിതമാക്കി വിണ്‍വാ-
ക്കോതുന്ന ദേവഗണനായകവീരനേയും
കണ്ണൂസുചേട്ടനെയുമോട്ടിവിടുന്നതിന്ന്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


സിദ്ധാര്‍ത്ഥനെന്നൊരു മനുഷ്യനരാഷ്ട്രവാദി
സിദ്ധാന്തമെന്തു പറയു, ന്നനുവാദമില്ലാ-
തേതെങ്കിലും‘ത’യതിരട്ടിയതായി വന്നാല്‍
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


തല്ലേണ്ടയെന്നെ മമമാതുല,തല്ലിയാലും
നന്നാകുകില്ലയിവനെന്നുമൊഴിഞ്ഞിടുന്നോന്‍
ആരാകിലെന്തതു സനാതനനാകിലെന്ത്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


വൃത്തത്തിലാക്കുകിതുമൊത്തമിതും മൊഴിഞ്ഞു
ചുറ്റുന്നതിന്നിടയിലെന്നുടെ തത്വശാസ്ത്രം
തൊട്ടെങ്കിലക്കളികള്‍ തീക്കളിയാണ് മാഷേ
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


കണ്ണൂസഹോ കഴിവുകൂടിയ കണ്ണുവെച്ചൂ
ഫ്യൂസങ്ങടിച്ചു സനാതന പുംഗവന്റെ
രണ്ടാളുമോടുകുടനങ്ങനെയല്ലയെങ്കില്‍
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


സന്തോഷ് ഗുരോയിവിടെയുണ്ടിവനേകനായി
സന്താപമോടെ പശികൊണ്ടു വലഞ്ഞ്,കഞ്ഞി-
ക്കില്ലെങ്കിലുംരുചി,തരേണമെനിക്കതല്ലേല്‍
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?


(1)ചൊല്ലിക്കൊടുത്തു,ഗുണമില്ലിനി യെന്തുമാര്‍ഗ്ഗം?
(2)എല്ലാരുമൊത്തു തിരയേണ്ടൊരു കാര്യമെന്തേ?
(3)ഇല്ലെങ്കിലല്ലല്‍,ഇവിടം മഹനീയമാകും
(1)തല്ലാണു (2)നല്ലവഴി(3)യെന്നതു തീര്‍ച്ചയല്ലേ?(ക്രമാലങ്കാരമെങ്കില്‍ അത്)




[സൂ ഏച്ചിയെ വൃത്തത്തിലാക്കിയത്. :)]
വല്ലാതെയേറി പനി,യെന്‍ തലയോ കനത്തു
വയ്യാതെ വീട്ടുപണി ചെയ്തതു തീര്‍ത്തിടുന്നു
കിട്ടേണമിപ്പൊളൊരു സദ്യയിതോതുമോര്‍ക്ക്
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

എത്തീ വിഷുപ്പുലരി,ഒത്തു വരും പിറന്നാള്‍
കൈവന്നു സാലറിയതും കുറടാക്സിനാ‍ലേ
എന്നാലുമേകുകൊരു സാരിയിതോതുമോള്‍ക്ക്
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

ഷാരൂഖുചിത്രമതു വന്നു,തിരക്ക് കേമം
ടിക്കറ്റു വില്‍ക്കുവതു കാണുവതുണ്ട് ബ്ലാക്കില്‍
എന്നിട്ടുമോടിയുടനങ്ങു തിരക്കുമോര്‍ക്ക്
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ
------------------- -------------------------------------------

2) ശേഷം ചിന്ത്യത്തില്‍

ചായയുടെ പാചകക്രമം:
ഇച്ഛയോടതുകുടിച്ചു നേരവുമതിക്രമിച്ചു പുനരുച്ചയായ്
കാണ്മതില്ലിതുവരേക്കുമൂണു റെഡിയായതില്ലയൊ സഹോദരാ?:)

ഇല്ലയെങ്കിലൊരു ചെമ്പിലല്‍പ്പമെടു പച്ചരീ,യിനിയൊഴിക്കുക
പച്ചവെള്ളമളവിച്ഛപോല്‍ ത്തിളവരുമ്പൊളെന്നെയറിയിക്കുക:) (വൃത്തം: കുസുമ മഞ്ജരി)


വരും വരാതിരിക്കുമോ:
വരും; വരുന്ന സീരിയല്‍,പരാക്രമങ്ങളൊക്കെയും
ഇരുന്നിരുന്നു കാണ്‍കയാലിരുട്ടു, രണ്ടു കണ്ണിലും.
വരില്ലൊരിക്കലും വരാന്‍ കൊതിച്ച രമ്യരാഗവും
ഹരം മനസ്സിനേകുമാരവങ്ങളും സഹോദരാ.. (വൃത്തം:പഞ്ചചാമരം)
:))

പ്രണയ ദിനം:
അഖണ്ഡമായ് വരുന്നതാമുയര്‍ച്ചതാഴ്ചയില്‍,വരും
സുഖത്തിലും കഠോരമായൊരാതപത്തിലും വരെ
സഹിച്ചതാണു നല്ലവണ്ണമെന്റെ രാഗഭാജനം
സഖേ,വരൂ സഖേയടുത്തു പ്രേമഘോഷമാര്‍ക്കുവാന്‍

-----------------------------------------------------
3) നെല്ലിക്കയില്‍

വാമന മൂര്‍ത്തിക്ക്:

“ചതിക്കാം,ചതിക്കാം, മഹത്താം കുലത്തില്‍
ജനിച്ചെന്നുതോന്നുന്നവന്മാരുപോലും-
ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം
കൊടുക്കാനടുക്കും ഹരിക്കായ്‌ നമിക്കാം”(വൃത്തം: ഭുജംഗ പ്രയാതം)


ചണ്ഡാല ഫെമിനിസ്റ്റില്‍:
ക്ഷമിക്കണം ഹാ സുമുഖന്‍ ഭവാനെ
നിരാശനാക്കേണ്ടതില്‍ ഖേദമുണ്ട്
സഹിക്കുവാന്‍ പറ്റുകയില്ല തന്റെ
നിറഞ്ഞൊരൌദ്ധത്യമെഴും സ്വഭാവം (വൃത്തം: ഉപേന്ദ്രവജ്ര)


പെണ്ണാണിന്‍ പലയാഗ്രഹങ്ങള്‍ നിറവേറ്റാനുള്ളതാം യന്ത്രമാ-
ണെന്നാളും മുതലായ ധാരണയെഴും ആണ്‍കോയ്മയാം സംഗതി
അല്ലെങ്കില്‍ ദളിതര്‍ സവര്‍ണ്ണരവര്‍ ത,ന്നാജ്ഞാനുവര്‍ത്തീഗണം
ആണെന്നുള്ളൊരു ധാരണാഘടകവും ആകാം തനിക്കുള്ളിലായ് (വൃത്തം: ശാര്‍ദ്ദൂല വിക്രീഡിതം)

ഇതൊക്കെയാണു കാര്യകാരണങ്ങളെന്നിരിക്കിലും
മനസ്സിലില്ലെനിക്കു തോന്നല്‍ നീര്‍ പകര്‍ന്നു നല്‍കുവാന്‍
തനിക്കുവേണമെങ്കിലുണ്ടു പാള പാശമൊക്കെയീ
കിണറ്റില്‍ നിന്നുവെള്ളമങ്ങെടുത്തു ദാഹമാറ്റുക!(വൃത്തം: പഞ്ചചാമരം)

Monday, February 16, 2009

അയ്യേ...

ചെറുപഴശ്ശി എ.എല്‍.പി സ്കൂളില്‍ പഠിക്കുമ്പോള്‍
ഓഫീസ് റൂമിന്റെ ജനലില്‍
ചേടിമണ്ണുകൊണ്ട്
‘കുട്ടിരാമന്‍ പിട്ടയിട്ടു’
പിട്ടതട്ടി തോട്ടിലിട്ടു’ എന്ന്
വെറുതേ എഴുതിവെച്ചിരുന്നു ഞാന്‍.

കുട്ടിരാമന്‍ എന്നുപേരുള്ള
ഒരാളെ മാത്രമേ
എനിക്കറിയുമായിരുന്നുള്ളൂ.
പറഞ്ഞുവരുമ്പോള്‍ ഒരു വെല്ല്യച്ചനായി വരും.
അയാളുമായി
പറയത്തക്ക സ്നേഹമോ വെറുപ്പോ
ഒന്നും ഇല്ലായിരുന്നെങ്കിലും
വെറുതേ വെറുതേയങ്ങനെ എഴുതി വെച്ചു.
ആരാണിതെഴുതിയതെന്ന് ഞാന്‍ തന്നെ
കൂട്ടുകാരോട് ചോദിച്ചു.
പലരും പലരോടും ചോദിച്ചു.
നല്ല തമാശ തന്നെ, അല്ലേ എന്ന്
ഉറപ്പുവരുത്തി.

ഉസ്കൂളിന്റെ പണിക്കായി കിട്ടുന്ന ഗ്രാന്റ്
ദിനേശ് ബീഡി വാങ്ങാമ്പോലും തെകയൂല്ലെന്ന്
മാനേജര്‍ ബാലേട്ടന്‍ പറഞ്ഞിരുന്നതു കാരണം
വളരെക്കാലം
ഓഫീസ് റൂമിന്റെ ജനലില്‍
‘കുട്ടിരാമന്‍ പിട്ടയിട്ടു’.
ഇത് എയ്തിയത്
ഏത് നായീന്റെ മോന്റെ മോനാടാ എന്ന്
ബാലേട്ടന്‍ വല്ലപ്പോഴും അലറുമായിരുന്നെങ്കിലും
ചേടി മണ്ണ്
അതിനെയെല്ലാം അതിജീവിച്ചു.

ബാലേട്ടന്റെ ഒച്ച ഭയങ്കരമായിരുന്നു.
കുട്ടികള്‍ക്കെല്ലാം പേടിയായിരുന്നു.
ആറ്റംബോംബിന്റെ ഒച്ച
ഇതുപോലെയായിരിക്കുമെന്ന്
ഞങ്ങള്‍ കരുതിയിരുന്നു.
പിന്നീട്
ബാലേട്ടന്റെ ഒച്ചയെ മുഴുവന്‍
ഒരു തെളിവു പോലുമവശേഷിപ്പിക്കാതെ
തൊണ്ടയിലെ സൂക്കേട് മായ്ച്ചുകളഞ്ഞെങ്കിലും
ഓഫീസ് റൂമിന്റെ ജനലില്‍
കുട്ടിരാമന്‍ പിട്ടയിട്ടു

മാനേജര്‍ മാറിയപ്പോള്‍
ഓഫീസ് റൂം പുതുക്കിപ്പണിതു.
പുതിയ ജനലു വെച്ചു.
പഴയ ജനലു കീറി മുറിച്ചു
കുട്ടിരാമന്‍ പിട്ടയിട്ടു ആദ്യവും
പിട്ടതട്ടി തോട്ടിലിട്ടു രണ്ടാമതും
കൃത്യമായിത്തന്നെ അടുപ്പില്‍ മൂട്ടി,
ആ ഉസ്കൂളില്‍ കഞ്ഞിവെപ്പുകാരിയായ
എന്റെ അമ്മ
കഞ്ഞിയും പുഴുക്കും വെച്ചു.

ഞാന്‍ ഇപ്പോള്‍
ഒരുഗ്രന്‍ കവിയായി.
പുസ്തകമുടനെയിറക്കും.
അവാര്‍ഡ് കിട്ടും.
വേദിയില്‍ വെച്ച്
ഞാന്‍ ജീവിതത്തില്‍ ആദ്യമായി
‘കുട്ടിരാമന്‍ പിട്ടയിട്ടു’ എന്ന
ആദ്യകവിതയുടെ പിതൃത്വം
ഏറ്റെടുക്കും.
നായീന്റെ മോന്റെ മോനെന്നു പറയിപ്പിച്ച
അതേവരികള്‍
ജനങ്ങളെ കയ്യടിപ്പിക്കും.
അയ്യേ...

Wednesday, January 28, 2009

ലൈംഗികം

ജപ്പാന്‍കാരന്‍ കൊസുക്കെ കനോക്കോയുടെ
ആദ്യകാമുകിമാര്‍ ജപ്പാന്‍കാരികളും
പിന്നൊരെണ്ണം കൊറിയക്കാരിയും
ഇപ്പോളത്തെത് ചൈനക്കാരിയുമാണെന്ന്
കേട്ടയുടനെ
അവനെ ഞാന്‍
വീട്ടിലേക്ക് ക്ഷണിച്ചു.

ഞാനുണ്ടാക്കിയ സദ്യയും
വൈനും വിസ്കിയുമൊക്കെ കഴിച്ച്
താങ്ക്യൂ താങ്ക്യൂ എന്ന് പലവട്ടം പറഞ്ഞു.
യൂറോപ്യന്‍സെല്ലാം റേസിസ്റ്റുകളാണെന്ന് പറഞ്ഞു.
ഫ്രാന്‍സില്‍ വന്ന് കൊല്ലം രണ്ടായെങ്കിലും
ഇന്നാണൊരുത്തന്‍ വിളിച്ച്
സല്‍ക്കരിക്കുന്നതെന്ന് ഇംഗ്ലീഷില്‍ പറഞ്ഞ്
ജപ്പാനീസില്‍ കരഞ്ഞു.
യൂറോപ്യന്‍സെല്ലാം മലകളെപ്പോല്‍ മടിയരാ‍ണെന്നും
ഇവിടത്തെ ഏതെങ്കിലും ലബോറട്ടറിയില്‍
രാത്രി 7നു ശേഷം ലൈറ്റ് കണ്ടാല്‍
അവിടെയുള്ളത്
ഏഷ്യക്കാരനാണെന്നുറപ്പിക്കാമെന്നും പറഞ്ഞു.

രാത്രി ഏറെവൈകി
അവന്‍ പോയപ്പോള്‍
അവന്റെ കാമുകിമാരെപ്പറ്റി
ചോദിക്കാന്‍ മറന്നുപോയതോര്‍ത്ത് ഞാന്‍
നിരാശപ്പെട്ടു.
വീ‍ടിന്റെ ജനലിലൂടെ നോക്കിയപ്പോള്‍
അടുത്തുള്ള ലബോറട്ടറിയിലെ
ഒരു മുറിയില്‍ ലൈറ്റ് കണ്ടു.
അവിടെ ചിലപ്പോളുള്ളത്
ഒരിന്ത്യക്കാരനാവാം.
ആണവശാസ്ത്രജ്ഞനാവാം.
അവന്റെ ഒരു ചെറിയ പണിയില്‍
ലോകം നാളെ തലകുത്തിനില്‍ക്കാം!.

എങ്കിലും
അവനിപ്പോള്‍ കണ്ടുകൊണ്ടിരിക്കാന്‍ സാദ്ധ്യതയുള്ള
കമ്പിപ്പടമോര്‍ത്ത്
ഞാന്‍
കുളിമുറിയിലേക്ക് നടന്നു.